തൃശൂർ: പുലിക്കളിയുടെ തലതൊട്ടപ്പൻ ചാത്തുണ്ണിയാശാന്റെ ദേശക്കാരായ അയ്യന്തോൾ മടയിലെ പുലികൾ വെറുംപുലികളല്ല, പുപ്പുലികളാണ്! പത്തുവർഷത്തിനിടെ 820 പേരെയാണവർ വിവിധ സർക്കാർ ഉദ്യോഗങ്ങളിലേറ്റിയത്.
നാലോണത്തിനു സ്വരാജ് റൗണ്ടിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അയ്യന്തോൾ ദേശത്തിന്റെ പുലിക്കളിയാട്ടം, വർഷംമുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങളും കായികോത്സവങ്ങളും മറ്റു സന്നദ്ധപ്രവർത്തനങ്ങളുമായി പുലിക്കൊട്ടിന്റെ ജനകീയ ഈണത്തിലായിരുന്നു അവർ.
പുലിക്കളിയുടെ ചരിത്രത്തിൽ ആദ്യമായി പെൺപുലിയെ ഇറക്കി 2016ലാണ് അയ്യന്തോൾ ദേശം പുലിക്കളിരംഗത്തെത്തുന്നത്. ആദ്യയിറക്കത്തിൽതന്നെ ഒന്നാംസ്ഥാനവും നേടി. എന്നിട്ടും പുലിക്കലി അടങ്ങാത്ത ദേശക്കാർ വർഷംമുഴുവൻ സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമാകുകയായിരുന്നു. ഇതിന്റെ ഭാഗമായാണു ദേശത്തെ യുവാക്കൾക്കായി പുലിമട സൗജന്യ പിഎസ്സി ക്ലാസ് ആരംഭിച്ചത്.
പുലിക്കളി സംഘാടകനും സഹകരണവകുപ്പ് സീനിയർ ഇൻസ്പെക്ടറുമായ കെ.സി. ധീരജാണു സൗജന്യ പിഎസ്സി കോച്ചിംഗ് എന്ന ആശയം മുന്നോട്ടുവച്ചത്. ദേശക്കാരെല്ലാം അംഗീകരിച്ചതോടെ, ഞായറാഴ്ചകളിലെ സൗജന്യ പുലിമട പിഎസ്സി കോച്ചിംഗിനു 2017 ഒക്ടോബർ രണ്ടിനു തുടക്കമായി. ധീരജ്തന്നെ ക്ലാസിനു നേതൃത്വം നല്കി.
അയ്യന്തോൾ ദേശം പുലിക്കളിസംഘത്തിന്റെ രക്ഷാധികാരിയായിരുന്ന അഡ്വ. ജോയ് സെബാസ്റ്റ്യന്റെ ഉടമസ്ഥതയിൽ അയ്യന്തോൾ ഗ്രൗണ്ടിനു സമീപമുള്ള ബിൽഡിംഗിനു മുകളിലാണു പിഎസ്സി കോച്ചിംഗ് ആരംഭിച്ചത്. ബിൽഡിംഗിന് പുലിമട എന്നു പേരുമിട്ടു. കഴിഞ്ഞ നാലുവർഷമായി അയ്യന്തോൾ അപ്പൻ തന്പുരാൻ വായനശാലയുടെ പഞ്ചിക്കലിലുള്ള കെട്ടിടത്തിലാണു പിഎസ്സി കോച്ചിംഗ് നടത്തുന്നത്.
തുടക്കത്തിൽ അറുപതുപേരുണ്ടായിരുന്ന ക്ലാസിൽ നിലവിൽ 400 പേരാണു പഠിക്കുന്നത്. പത്തുവർഷംകൊണ്ട് ആയിരക്കണക്കിനുപേർ കോച്ചിംഗിൽ പങ്കെടുത്തു. ഇതിൽ ഒന്നാംറാങ്കുകാർവരെ പിറന്നു. പരിശീലന ക്ലാസിനെത്തിയിരുന്നവരിൽ ഉയർന്ന വിദ്യാഭ്യാസമുള്ളവർതന്നെയാണു ധീരജിന്റെ നേതൃത്വത്തിൽ ക്ലാസുകൾ എടുത്തിരുന്നത്. നിലവിൽ ഇത്തരത്തിൽ 20പേർ വിവിധ ക്ലാസുകൾ നയിക്കുന്നു.
പുലിമടയിൽ അഞ്ചാമത്തെ ബാച്ചിന്റെ ക്ലാസാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ബാച്ചിലുണ്ടായിരുന്നവരാണ് എൽഡി ക്ലർക്ക്, എൽജിഎസ് ഒന്നാം റാങ്കുകൾ. 2025ലെ എൽഡി ക്ലർക്ക് പരീക്ഷാഫലം പുറത്തുവന്നപ്പോൾ ആദ്യത്തെ നൂറിൽ 21പേരും അയ്യന്തോളിൽ പഠിച്ചവരായിരുന്നു. മൊത്തം 101പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. തൃശൂരിൽ ജോലിക്കും മറ്റുമായി എത്തിയ പാലക്കാട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നുള്ളവരും ഇവിടെ പഠിക്കാനെത്തുന്നു.
പിഎസ്സി ക്ലാസുകൾ നേതൃത്വം കൊടുക്കുന്ന കെ.സി. ധീരജ് അയ്യന്തോൾ കുറിഞ്ഞാക്കലിലാണു താമസിക്കുന്നത്. വലപ്പാട് കൃഷി ഓഫീസറായ ലക്ഷ്മി കെ.മോഹനാണു ഭാര്യ.
വിശേഷണങ്ങൾ ഏറെയുണ്ട് അയ്യന്തോൾ പുലിമടയ്ക്ക്
ആദ്യമായി പെൺപുലിയെ ഇറക്കിയ പുലിക്കളിസംഘം, ട്രാൻസ്ജെൻഡർ പുലിയുമായി സ്വരാജ് റൗണ്ട് കീഴടക്കിയവർ... വിശേഷണങ്ങൾ ഏറെയാണ് അയ്യന്തോളിലെ പുലിക്കളിസംഘത്തിന്.
2016ലായിരുന്നു അയ്യന്തോൾ ദേശത്തിന്റെ ആദ്യ പുലിയിറക്കം, 60 വർഷത്തെ പുലിക്കളി പാരന്പര്യമുള്ള ചാത്തുണ്ണിയാശാന്റെ ദേശക്കാർക്ക് അതുവരെ സ്വന്തമായി പുലിക്കളിസംഘം ഉണ്ടായിരുന്നില്ല. ദേശത്തെ യുവാക്കൾ ഒത്തുകൂടി, മുതിർന്നയാളുകളെയും സംഘടിപ്പിച്ച് അയ്യന്തോൾ ദേശക്കൂട്ടായ്മ രൂപീകരിച്ചാണു പുലിക്കളിക്കിറങ്ങിയത്.
കോവിഡ് കാലത്ത് പുലിക്കളി നടക്കാതിരുന്നപ്പോൾ ഓൺലൈനായി പുലിക്കളി നടത്തി. അതു ഫേസ്ബുക്കിലൂടെ പുറത്തുവിട്ടപ്പോൾ 26,000പേർ ലൈവായി കണ്ടു. ഇതറിഞ്ഞു ഫേസ് ബുക്ക് ടീം തൃശൂരെത്തി അയ്യന്തോൾ ദേശത്തിന്റെ പുലിക്കഥ നടീനടന്മാരെവച്ച് ഷൂട്ട്ചെയ്തു ഫേസ്ബുക്കിലൂടെ അവതരിപ്പിച്ചു. 2021ൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അവരുടെ ഫേസ്ബുക്ക് പേജിലാണ് അതു റിലീസ് ചെയ്തത്. ആ വർഷം അയ്യന്തോളിന്റെ പുലിക്കളി ചരിത്രത്തിൽ ആദ്യമായി ഒരു കൾച്ചറൽ ഇവന്റായി ഫേസ്ബുക്ക് പ്രക്ഷേപണം ചെയ്തു.
2018ൽ വെള്ളപ്പൊക്കം കാരണം പുലിക്കളിയിൽനിന്നു പിന്മാറിയപ്പോൾ പിരിച്ചെടുത്ത തുക ദുരിതാശ്വാസത്തിനുവേണ്ടി ഉപയോഗിച്ചു. 2017ലും 2019ലും പുലിക്കളിയിൽ ഒന്നാംസ്ഥാനം നേടി. ഫുട്ബോൾ ടൂർണമെന്റ്, വികലാംഗരെ ഉൾപ്പെടത്തി ന്യൂ ഇയർ ആഘോഷം എന്നിവയും സംഘടിപ്പിച്ചു.